തൃശൂർ: ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ കോളജുകളുടെ വിഭാഗത്തിൽ എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന് ഒന്നാം റാങ്ക്. എറണാകുളം സെന്റ് തെരേസാസ് രണ്ടാമതും തൃശൂർ വിമല മൂന്നാം റാങ്കും സ്വന്തമാക്കി. തൃശൂർ സെന്റ് തോമസ് കോളജാണു നാലാമത്. യൂണിവേഴ്സിറ്റികളിൽ കുസാറ്റ് ഒന്നാമതും കോട്ടയം എംജി യൂണിവേഴ്സിറ്റി രണ്ടാമതും കാലിക്കട്ട് മൂന്നാമതുമെത്തി.
എൻജിനിയറിംഗ് കോളജുകളിൽ തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളജിനാണ് ഒന്നാം റാങ്ക്. കൊല്ലം ടികെഎം എൻജിനിയറിംഗ് കോളജിന് രണ്ടാം റാങ്കും എറണാകുളം രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് മൂന്നാമതുമാണ്. കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് നാലാമതും തൃശൂർ ഗവ. എൻജിനിയറിംഗ് കോളജ് അഞ്ചാമതുമാണ്. മാനേജ്മെന്റ് സ്റ്റഡീസിൽ എറണാകുളം രാജഗിരി ബിസിനസ് സ്കൂളിനാണ് ഒന്നാം റാങ്ക്. തൃശൂർ കാർഷിക വാഴ്സിറ്റി കോളജ് ഓഫ് കോർപറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെന്റ് രണ്ടാമതും പാലക്കാട് ലീഡ് കോളജ് മൂന്നാമതുമാണ്. ടികെഎം കൊല്ലം നാലാമതും കൊടകര സഹൃദയ എംബിഎ കോളജ് അഞ്ചാമതുമുണ്ട്.
ബിഎഡ് കോളജുകളിൽ കോഴിക്കോട് ഫാറൂഖ് ട്രെയിനിംഗ് കോളജ് ഒന്നാമതും സെന്റ് ജോസഫ്സ് ബിഎഡ് കോളജ് എറണാകുളം രണ്ടാമതും തിരുവനന്തപുരം മാർ തിയോഫിലിസ് ട്രെയിനിംഗ് കോളജ് മൂന്നാമതുമെത്തി.
നഴ്സിംഗ് കോളജുകളിൽ കോട്ടക്കൽ മിംസ് നഴ്സിംഗ് കോളജ് ഒന്നാം റാങ്കും പി.കെ. ദാസ് നഴ്സിംഗ് കോളജ് പാലക്കാട് രണ്ടാം റാങ്കും കോട്ടയം ഗവ. നഴ്സിംഗ് കോളജ് മൂന്നാം റാങ്കും കരസ്ഥമാക്കി. ഫാർമസി വിഭാഗത്തിൽ മൂവാറ്റുപുഴ നിർമല കോളജാണ് ഒന്നാമത്. നെഹ്റു കോളജ് തൃശൂർ രണ്ടാം സ്ഥാനവും പെരിന്തൽമണ്ണ അൽഷിഫ കോളജ് മൂന്നാമതുമുണ്ട്. അഗ്രികൾച്ചർ കോളജുകളിൽ തിരുവനന്തപുരം വെള്ളായനി കാർഷിക കോളജ് ഒന്നാമതും വയനാട് പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം സ്ഥാനവും തൃശൂർ കോളജ് ഓഫ് ഫോറസ്ട്രി മൂന്നാമതുമായി.
സർവകലാശാലാ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ കുസാറ്റിന് മുഖ്യമന്ത്രിയുടെ പേരിലുള്ള അഞ്ചു ലക്ഷം രൂപയുടെ അവാർഡ് സമ്മാനിക്കും. മറ്റ് ഓരോ വിഭാഗത്തിലും ഒന്നാം റാങ്ക് നേടിയ സ്ഥാപനങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതമുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ അവാർഡും സമ്മാനിക്കും.
ആകെ 519 സ്ഥാപനങ്ങൾ റാങ്കിംഗിൽ പങ്കെടുത്തു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ 15 ശതമാനം വർധന. പങ്കെടുത്ത സ്ഥാപനങ്ങളിൽ 51.3 ശതമാനവും പൊതുമേഖലയിലുള്ളവയാണ്. ആർട്സ് ആൻഡ് സയൻസ് കോളജ് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പങ്കെടുത്തത്.
ആർക്കിടെക്ചർ, മെഡിക്കൽ, ഡെന്റൽ, ലോ (നിയമം) വിഭാഗങ്ങളിൽ ഗുണനിലവാര പരിശോധനയ്ക്ക് ആവശ്യമായ എണ്ണം സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ റാങ്കിംഗ് നടത്തിയിട്ടില്ല.
ഉന്നതവിദ്യാഭ്യാസ കൗണ്സിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.